കൊച്ചി: ബോബി ചെമ്മണൂരിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കിയതില്‍ മധ്യ മേഖല ജയില്‍ ഡിഐജി ചട്ടലംഘനം നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
ബോബിയുടെ രണ്ട് സുഹൃത്തുക്കള്‍ ഡിഐജി അജയകുമാറിനൊപ്പം ജയിലില്‍ എത്തി. ഇവര്‍ വിഐപികള്‍ അല്ല. ഡിഐജിയുടെ ബന്ധുക്കളും ജയിലിനകത്തേക്ക് കയറി. ഡിഐജി, ബോബിയെ കണ്ടത് സൂപ്രണ്ടിന്റെ മുറിയില്‍ വെച്ചാണ്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി.
അജയകുമാര്‍ ബോബിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തു എന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് അന്വേഷണ റിപ്പോര്‍ട് ആവശ്യപ്പെട്ടത്. ഡിവൈഎസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ട് എസ്പി മുഖേന എഡിജിപിക്ക് കൈമാറി.
വെള്ളിയാഴ്ച ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞെത്തിയ ബന്ധുക്കള്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ ഡിഐജി അജയകുമാര്‍ ജയിലിലേക്ക് എത്തി. ശേഷം ബന്ധുക്കളെയടക്കം അകത്തേക്ക് പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ രണ്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തുന്നത്. ഇവര്‍ക്കും അകത്ത് പ്രവേശിക്കാനുള്ള അവസരം ഡിഐജി ഒരുക്കി. ഇവരില്‍ ആരുടേയും പേര് സന്ദര്‍ശക രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.