വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ആളിക്കത്തിയതോടെ വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതല യോഗം ചേരാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കിയത്. ഇതനുസരിച്ച് റവന്യു, വനം, തദ്ദേശസ്വയംഭരണം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഈ മാസം 20ന് രാവിലെ വയനാട്ടിൽ ഉന്നതല യോ​ഗം ചേരും. വയനാട് ജില്ലയിലെ തദ്ദേശ ജനപ്രതിനിധികളടക്കമുള്ള മുഴുവൻ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള എല്ലാ ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും.വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. നൂറിലേറെ പേരാണ് പ്രതിഷേധിച്ചെത്തിയത്. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു, വനംവകുപ്പ് ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കയറ്റിവെച്ച് കെട്ടിയും പ്രതിഷേധം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *