മോശം ഫോമിൽ തുടരുന്ന കെ ൽ രാഹുൽ ആദ്യ ഏകദിനത്തിൽ വിക്കറ്റിന് പിന്നിൽ സ്റ്റാർ ആയി. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ 13–ാം ഓവറിലെ മൂന്നാം പന്തിൽ ഒരു തകർപ്പൻ ക്യാച്ചിലൂടെ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കി.

സ്മിത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് രാഹുൽ ഡൈവ് ചെയ്ത് പിടിക്കുകയായിരുന്നു. അതോടെ ആദ്യ ഏകദിനത്തിൽ 30 പന്തിൽ 22 റൺസുമായി സ്മിത്ത് പുറത്തായി. യുവതാരം ഇഷാൻ കിഷൻ ടീമിലുള്ളപ്പോഴാണ് ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ കെ.എൽ. രാഹുലിനെ കീപ്പറുടെ ഗ്ലൗ ഏൽ‌പിച്ചത്.

ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ ടെസ്റ്റ് മാച്ചുകളിൽ ആദ്യ രണ്ടെണ്ണം കളിച്ച രാഹുലിന് തിളങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് അവസാന രണ്ട് മത്സരങ്ങൾ കളിപ്പിച്ചിരുന്നില്ല. ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റൻ പദവിയും ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഏകദിനത്തിൽ മധ്യനിരയിലായിരിക്കും രാഹുൽ ബാറ്റിങ്ങിന് ഇറങ്ങുക.

മോശം ഫോമിലൂടെ കടന്നുപോകുന്ന കെ.എൽ.രാഹുലിന് ഈ ഏകദിന പരമ്പര നിർണായകമാണ്.

അതേ സമയം , ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 188 റൺസിന് ഓൾ ഔട്ട് ആയി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ഷമിയും സിറാജുമാണ് ഓസ്‌ട്രേലിയയെ 188 ൽ തളച്ചത്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മികച്ച രീതിയിൽ തുടങ്ങിയ ഓസ്‌ട്രേലിയ 65 പന്തിൽ നിന്ന് 81 റൺസെടുത്ത മിച്ചൽ മാർഷിന്റെ ബാറ്റിംഗ് മികവിൽ ഒരു ഘട്ടത്തിൽ 129 – 2 എന്ന നിലയിൽ ആയിരുന്നു. മാർഷിന്റെ വിക്കറ്റ് എടുത്ത് കൊണ്ട് 20 മത്തെ ഓവറിൽ ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.

എന്നാൽ മാർഷിലൂടെ കിട്ടിയ മുൻ‌തൂക്കം ഓസ്‌ട്രേലിയൻ ടീമിന് മുതലാക്കാൻ കഴിഞ്ഞില്ല. മാർഷിന് ശേഷം ഓ സ്ട്രേലിയയുടെ വിക്കറ്റുകൾ തുടരെ പോയത് അവരെ തുച്ഛമായ സ്‌കോറിൽ ഒതുക്കി.ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി .

Leave a Reply

Your email address will not be published. Required fields are marked *