ലോക്സഭ പോരാട്ടത്തിനൊരുങ്ങി ഇന്ത്യസഖ്യം ഒന്നിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുംബൈയിൽ നടക്കും. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അതേസമയം സിപിഎമ്മും സിപിഐയും പരിപാടിയിൽ നിന്നും വിട്ടുനിന്നേക്കും. മണിപ്പൂരിലെ മലയിടുക്കുകളിൽ തുടങ്ങി ഹിന്ദി ഹൃദയഭൂമിയിലൂടെ അറബിക്കടലോരത്തെത്തിയാണ് രണ്ടാം ജോഡോ യാത്രയുടെ സമാപനം. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടിയാണ് സമാപനം. മണിപ്പൂരിലെ മുറിവേറ്റ മനുഷ്യരുടെ കൂടെയെന്ന് പ്രഖ്യാപിച്ചാണ് യാത്രയുടെ തുടക്കം.ബിഹാറിലും ഉത്തര്‍പ്രദേശിലും സഖ്യ നേതാക്കളെ ചേര്‍ത്തു പിടിച്ചും, കണ്ണിയറ്റു പോകതെ ഇന്ത്യ സഖ്യത്തിനു കരുത്ത് പകര്‍ന്നു മുംബൈ ദാദറിലെ അംബേദ്ക്കറ് സമൃതി കുടീരത്തിൽ യാത്ര അവസാനിച്ചു. അവസാനപാദത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ പ്രഖ്യാപന വേദികളായിരുന്നു ജോഡോ യാത്ര. അഞ്ച് ന്യായ് പ്രഖ്യാപനങ്ങൾ. 25 വാഗ്ദാനങ്ങൾ,സ്ത്രീകൾക്കും കര്‍ഷകര്‍ക്കും ആദിവാസി വിഭാഗങ്ങൾക്കുമുളള ഉറപ്പുകൾ,ഇലക്രടൽ ബോണ്ട്, കര്‍ഷകരുടെ ദുരിതം, പ്രധാനമന്ത്രിക്കെരെ ആയുധമാക്കിയുളള വേദികൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ആരോപണങ്ങളുമെല്ലാം വേദികളില്‍ നിറഞ്ഞു.യാത്രക്കിടെ ഇന്ത്യ സഖ്യം വിട്ട നിതീഷ് കുമാറും ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കൊഴിഞ്ഞു പോയ നേതാക്കളും പാര്‍ട്ടി ദൗര്‍ബല്യം വെളിപ്പെടുത്തി.സമാപന സമ്മേളനത്തിന് കരുത്ത് പകര്‍ന്ന് ശിവസേന – എൻസിപി – കോണ്‍ഗ്രസ് സഖ്യം സജീവമാണ്. ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലറങ്ങിയ ബിജെപിയ്ക്ക് മുന്നിൽ മഹാവികാസ് അഘാഡി കരുത്ത് കാട്ടാനൊരുങ്ങിയിട്ടുണ്ട്. പ്രതിപക്ഷ മുഖ്യമന്ത്രിമാരിൽ സ്റ്റാലിനും ഭഗവന്ത് മന്നുമടക്കം എത്തിയേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസുമായി നേരിട്ട് പോരാടുന്ന ഇടത് പാര്‍ട്ടികള്‍ സമാപന സമ്മേളനത്തിൽ നിന്നും വിട്ടു നിന്നേക്കും.ഒരു സീറ്റു പോലും പ്രഖ്യാപിച്ചിട്ടില്ലാത്ത മഹാവികാസ് അഘാഡിയുടെ തെരഞ്ഞടുപ്പ് ചിത്രവും ഇന്ന് തെളിയും. ശിവാജി പാര്‍ക്കിൽ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്ത്യ സഖ്യത്തിന്‍റെ ലോക്സഭ തെര‌‌ഞ്ഞെടുപ്പ് പോരാട്ടവും ഇവിടെ തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *