കുന്ദമംഗലം: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ എം. എ. റസാഖ് മാസ്റ്റർ രംഗത്തെത്തി. ദീർഘകാല സംഘടനാ പരിചയവും ജനകീയ ഇടപെടലുകളും മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ശ്രദ്ധേയമാകുന്നത്.

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന റസാഖ് മാസ്റ്റർ, ജില്ലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. അടിത്തട്ടിൽ നിന്നുള്ള പ്രവർത്തന പരിചയം മുതൽ സംസ്ഥാനതല നേതൃത്ത്വത്തിന്റെ വിശ്വാസം വരെ നേടിയെടുത്ത സംഘടനാ മികവാണ് അദ്ദേഹത്തിന്റെ പ്രധാന ശക്തിയായി വിലയിരുത്തപ്പെടുന്നത്.
വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തും സജീവ സാന്നിധ്യമാണ് അദ്ദേഹം. കോഴിക്കോട് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സി.എച്ച് സെന്ററിന്റെ ജനറൽ സെക്രട്ടറിയായ റസാഖ് മാസ്റ്റർ, ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

തദ്ദേശ സ്വയംഭരണ രംഗത്തും സമ്പന്നമായ അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് അംഗമായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും (1988-95) പ്രവർത്തിച്ച അദ്ദേഹം, പിന്നീട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിനതീതമായ സൗഹൃദങ്ങളും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന സ്വഭാവവും റസാഖ് മാസ്റ്ററെ ജനങ്ങളോട് അടുത്തുനിർത്തുന്ന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു. സി.എച്ച് സെന്ററിലൂടെ മാത്രമല്ല, പ്രാദേശിക തലത്തിലും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *