തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്‌ക്കെതിരെ രൂക്ഷ വിമശനവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളുടെ ഒരു പ്രശ്‌നത്തിലും വിജയ് ഇതുവരെ ഇടപെട്ടിട്ടില്ല. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പഴനിയിലെ സിപിഐഎം സ്ഥാനാര്‍ഥി എന്‍ പാണ്ടിയുടെ പ്രചാരണത്തിലായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

സിനിമയും രാഷ്ട്രീയവും വേറെയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. കൊടുംചൂടിലും നീണ്ട ക്യൂ നിന്ന് ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ ടിക്കറ്റെടുക്കും. അന്നത്തെ പണിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും പോലും മാറ്റിവച്ച് ജനങ്ങള്‍ നിങ്ങളുടെ സിനിമ കാണാന്‍ വരും. അവരുടെ ആ സ്‌നേഹത്തെ നിങ്ങള്‍ രാഷ്്ട്രീയ പ്രവേശനത്തിന് വേണ്ടി ഉപയോഗിക്കുന്നത് ശരിയാണോ എന്ന് പ്രകാശ് രാജ് ചോദിച്ചു. ഒരു നടനെ സ്‌ക്രീനില്‍ കാണാന്‍ ഇഷ്ടമാണെങ്കില്‍, ആരാധന ഉണ്ടെങ്കില്‍ താനും ഇതുപോലെ ക്യൂ നിന്ന് സിനിമ കാണുമെന്നും തൊണ്ട പൊട്ടുമാറ് വിസില്‍ മുഴക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. പക്ഷേ അവരെ ഈ രാജ്യം ഏല്‍പ്പിച്ച് കൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിനിമയും രാഷ്ട്രീയവും രണ്ടും രണ്ട് കാര്യങ്ങളാണ്. വ്യത്യസ്തമായ വേറെ വേറെ ഉത്തരവാദിത്തങ്ങളാണത്. സിനിമയില്‍ അഭിനയിക്കുന്നത് പോലെ മുഖ്യമന്ത്രിയാകാം എന്ന് വിചാരിക്കരുതെന്നും പ്രകാശ് രാജ് ഓര്‍മിപ്പിച്ചു.

അതേസമയം തമിഴ്‌നാട്ടില്‍പ്രചാരണത്തിന്റെ അവസാന ലാപ്പില്‍ പ്രതിഷേധവും പ്രചാരണവും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഡിഎംകെയും സഖ്യകക്ഷികളും. തിടുക്കപ്പെട്ട് നടപ്പിലാക്കാന്‍ ശ്രമിയ്ക്കുന്ന ബില്‍ പിന്‍വലിയ്ക്കണമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഭരണഘടനാ ബില്ലുകള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാവരുത്. ജനാധിപത്യത്തെ സംരക്ഷിയ്ക്കുന്നവയാകണം ബില്ലുകളെന്നും എം കെ സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ആണ്ടിപ്പെട്ടി, ദിണ്ടിഗല്‍ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.

Leave a Reply

Your email address will not be published. Required fields are marked *