ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. 27 വര്‍ഷത്തോളം കാലമായി എല്‍ഡിഎഫിന്റെ ഭാഗമായി നിന്ന ഐഎന്‍എലിന് കിട്ടിയ അംഗീകാരമാണ് ഇതെന്നാണ് നേതാക്കളുടെ പ്രതികരണം.രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന നിലപാട് ചര്‍ച്ചകളുടെ അവസാനഘട്ടത്തിലും കേരള കോണ്‍ഗ്രസ് എം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മുന്നണി ഇതിന് തയ്യാറായിരുന്നില്ല.
കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉള്‍പ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സി.പി.എമ്മിന് ഇത്തവണ 12 മന്ത്രിമാരായി കുറയും. സി.പി.ഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ജെ.ഡി.എസ്., എന്‍.സി.പി. എന്നിവര്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതവും എന്നതാണ് നിലവില്‍ തീരുമാനമായത്. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങള്‍ നാല് ചെറുകക്ഷികള്‍ക്കായി രണ്ടര വര്‍ഷം വീതം എന്ന നിലയില്‍ വീതം വെക്കും എന്നതില്‍ അന്തിമ ധാരണയായി.
കെ.ബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ആന്റണി രാജു അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം ലഭിക്കുക.
കഴിഞ്ഞ തവണ കൈവശം വെച്ചിരുന്ന പ്രധാന വകുപ്പുകള്‍ വിട്ടുനല്‍കില്ലെന്ന് സി.പി.ഐ. മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിനോട് അനകൂല പ്രതികരണം സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അതിനാല്‍ റവന്യു, കൃഷി, വനം, ഭക്ഷ്യ വകുപ്പുകള്‍ സി.പി.ഐ. നിലനിര്‍ത്തിയേക്കും.
ചെറുകക്ഷികള്‍ക്കായി കായികം, തുറമുഖം, ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ നല്‍കും. അതില്‍ ഗതാഗതം, ജലസേചനം എന്നീ വകുപ്പുകള്‍ ജെ.ഡി.എസ്., എന്‍.സി.പി. എന്നീ കക്ഷികള്‍ക്കും മറ്റ് രണ്ട് സ്ഥാനങ്ങള്‍ ഒരു എം.എല്‍.എ. മാത്രമുള്ള കക്ഷികള്‍ക്കുമായി വീതം വെക്കുകയും ചെയ്യുമെന്നതാണ് ഏകദേശ ധാരണ.
നാളെ എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് പിണറായി വിജയനെ നേതാവായി തിരഞ്ഞെടുക്കും. അതിനുമുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നാണ് സി.പി.എം. ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
സി.പി.എമ്മിലും സി.പി.ഐയിലുമായി പുതുമുഖങ്ങള്‍ മന്ത്രിമാരാകും. സി.പി.ഐയുടെ നാല് മന്ത്രിമാരും പുതുമുഖങ്ങളാകും. ചിറ്റയം ഗോപകുമാറിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സി.പി.ഐയില്‍ നിന്ന് ജെ. ചിഞ്ചുറാണി, പി. പ്രസാദ്, കെ.രാജന്‍, ഇ.കെ വിജയന്‍ തുടങ്ങിയവര്‍ മന്ത്രിമാരായേക്കും. സി.പി.എമ്മില്‍ പുതുമുഖങ്ങളായി മന്ത്രിസ്ഥാനത്തേക്ക് വീണ ജോര്‍ജ്, വി. ശിവന്‍കുട്ടി, പി. രാജീവ് എന്നിവര്‍ക്ക് സുപ്രധാനമായ വകുപ്പുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
19-ന് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി അറിയിക്കും. 20-നാണ് സത്യപ്രതിജ്ഞ. നേരത്തേ നിശ്ചയിച്ചതിലും കുറച്ച് ആളുകളെ മാത്രം പ്രവേശിപ്പിച്ചാകും സത്യപ്രതിജ്ഞ നടത്തുകയെന്നാണ് വിവരം
