കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തില്‍ 46 അംഗ കോണ്‍ഗ്രസ് നേതാക്കളുടെ സംഘം ഡല്‍ഹിയിലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു. കെപിസിസി ഭാരവാഹികള്‍, ,പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു, മഹിളാ കോണ്‍ഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം. മേയ് 17നും 18നുമായി സംഘം ഡല്‍ഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാര്‍ട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നത്. മലയാളികള്‍ ധാരാളമുള്ള സ്ഥലമാണ് ഡല്‍ഹി. മേയ് 25ന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ കനയ്യകുമാര്‍, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ ഉദിത് രാജ്, ചാന്ദ്നി ചൗക്കില്‍ ജയ്പ്രകാശ് അഗര്‍വാള്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍. പ്രമുഖ നേതാക്കളോടൊപ്പമുള്ള റോഡ് ഷോ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിലും കേരള നേതാക്കള്‍ പങ്കെടുക്കും. ഇതിന് പുറമെ ഗൃഹസന്ദര്‍ശനം നടത്തി പരമാവധി മലയാളി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കും. കൂടാതെ കുടുംബസംഗമം ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇന്ത്യാ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയ കേരള സംഘം 23 വരെ പ്രചരണത്തിലുണ്ടാകും. തുടര്‍ന്ന് കേരളത്തിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *