തിരുവനന്തപുരം കഴക്കൂട്ടത്ത് വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ വന്ന പിഴവിൽ യുവതിയുടെ വിരൽ മുറിച്ചുമാറ്റിയ സംഭവത്തിൽ കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി.യുവതി ഗുരുതരാവസ്ഥയിൽ ആയത് ശസ്ത്രക്രിയ പിഴവ് കാരണം എന്ന് പറയാൻ ആകില്ലെന്ന് വിദഗ്ധസമിതി. യുവതിക്ക് തൊലിപ്പുറത്ത് മാത്രമാണ് ചികിത്സ നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

യുവതിക്ക് രക്തസമ്മർദ്ദം കുറഞ്ഞപ്പോൾ നൽകിയ മരുന്നുകൾ നിലവിലെ അവസ്ഥയ്ക്ക് കാരണമായേക്കാം. ബി പി നോർമൽ ആകാൻ നൽകിയത് അഡ്രിനാലിൻ, വാസോപ്രസിൻ, ഡോപാമൈൻ മരുന്നുകളായിരുന്നു. കോസ്മെറ്റിക്സ് ശസ്ത്രക്രിയയ്ക്ക് യുവതിക്ക് ചെലവായത് മൂന്നുലക്ഷം രൂപയാണ്. അനന്തപുരിയിലെ തുടർ ചികിത്സയ്ക്ക് ഇതുവരെ 22 ലക്ഷം ചെലവായി എന്നും റിപ്പോർട്ടിൽ പറയുന്നു. കോസ്മെറ്റിക് ക്ലിനിക്കിന്റെ മേൽവിലാസത്തിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.

തിരുവനന്തപുരം സ്വദേശി നീതുവിന്‍റെ വിരലുകളാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ഉണ്ടായ അണുബാധയെ തുടർന്ന് മുറിച്ചു മാറ്റിയത്. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് നീതു കോസമറ്റിക്ക് ആശുപത്രിയിൽ വയറ്റിലെ കൊഴുപ്പുമാറ്റാനായി ശസ്ത്രക്രിയക്ക് വിധേയയായത്. 23ന് വീട്ടിലേക്ക് തിരികെ വിട്ടെങ്കിലും ആരോഗ്യസ്ഥിതി മോശമായി. ഗുരുതരാവസ്ഥയിലായ നീതു 22 ദിവസം വെന്‍റിലേറ്ററിൽ കിടന്നു. അണുബാധയെ തുടർന്ന് ​ നീതുവിന്‍റെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകളാണ് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റേണ്ടി വന്നത്.

Leave a Reply

Your email address will not be published. Required fields are marked *