തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയാണ് ഈ പ്രദേശങ്ങളിൽ പ്രതീക്ഷിക്കുന്നത്.

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ മെയ് 18 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിച്ചേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു.

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം. അതേസമയം, കേരളത്തിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ മെയ് 26ഓടെ എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *