
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘ടു മില്യണ്‍ പ്ലഡ്ജി’ന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കുകയാണ് മണിയൂര്‍ ഗ്രാമപഞ്ചായത്ത്. 10,500 വീടുകളില്‍ സ്നേഹദീപം, വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം, കോളേജ് വിദ്യാര്‍ഥികള്‍ക്ക് റീല്‍സ് മത്സരം, പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ പോസ്റ്റര്‍ മത്സരം, കൂട്ടയോട്ടം തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പഞ്ചായത്തിലെ 21 വാര്‍ഡുകളില്‍നിന്നുള്ള 250 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ പ്രതിജ്ഞയില്‍ അണിനിരത്തും. ഇതിനായി എല്ലാ വാര്‍ഡുകളിലും വിപുലമായ സംഘാടക സമിതികള്‍ രൂപീകരിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന പഞ്ചായത്ത്തല സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി റീന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷ്റഫ് ചെയര്‍മാനും എ ശശിധരന് കണ്‍വീനറുമായി വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
‘നാടിനായി നാളേക്കായി ഒന്നിക്കാം’ എന്ന സന്ദേശത്തില്‍ ലഹരിക്കെതിരെ 20 ലക്ഷം പേരെ അണിനിരത്തിയാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ‘ടു മില്യണ്‍ പ്ലഡ്ജ്’ ബഹുജന പ്രതിജ്ഞ നടക്കുക. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ നശാ മുക്ത് ഭാരത് അഭിയാന്റെയും സംസ്ഥാന തലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് പരിപാടി നടക്കുക.
