കൊച്ചി: കൊച്ചി എസ്.എച്ച് കോളേജിലെ ഒരു ചടങ്ങിൽ ഒരേ സമയം പങ്കെടുത്തിട്ടും തനിക്ക് മുഖം നൽകാതെ മടങ്ങിയ മുഖ്യമന്ത്രി വി ഡി സതീശന്റെ നിലപാടിൽ പ്രതികരണവുമായി കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. താൻ പഠിച്ച രാഷ്ട്രീയം മുതിർന്ന നേതാക്കളെ കാണുമ്പോൾ ചിരിക്കുക എന്നതാണെന്നും, എന്നാൽ മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് തനിക്ക് മറുപടിയില്ലെന്നും അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു. കെ എസ് യു പ്രവർത്തകരുടെ ചോരയും നീരുമാണ് ഈ സർക്കാരെന്നും, സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി മുഖം നൽകാത്തതിനെ ഒരു വലിയ തർക്കമായോ വിമർശനമായോ കാണേണ്ടതില്ലെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുകയാണ് ഞാൻ പഠിച്ചത്. തെറ്റ് ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഞാൻ ചെയ്ത കാര്യം, അത് ഇനിയും തുടരും. മുഖ്യമന്ത്രിയെ കാണാൻ കഴിയാത്തത് ഒരു തെറ്റായി കാണുന്നില്ല. ഇനിയും അദ്ദേഹത്തെ കാണാൻ ശ്രമിക്കും. ഗവൺമെന്റ് പ്ലീഡർ വിഷയത്തിലെ ആശങ്കകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും അലോഷ്യസ് വ്യക്തമാക്കി.
മുഖ്യമന്ത്രിയും കെ എസ് യു നേതൃത്വവും തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് കൊച്ചി എസ്എച്ച് കോളേജിലെ പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേസമയം പങ്കെടുത്തത്. വേദിയിൽ പ്രസംഗം പൂർത്തിയാക്കി പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് സേവ്യർ കാത്തുനിന്നെങ്കിലും, അദ്ദേഹത്തെ ഒട്ടും ഗൗനിക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.
