കരകൗശല വികസന കോര്‍പറേഷന്റെ ഉത്സവ കോംബോ ഗിഫ്റ്റ് ബോക്സ്
ഓണം പരമ്പരാഗത രീതിയില്‍ ആഘോഷിക്കുക എന്ന ആശയ പ്രചരണാര്‍ത്ഥം കരകൗശല ഉല്‍പന്നങ്ങളും കൈത്തറി ഉല്‍പന്നങ്ങളും കോര്‍ത്തിണക്കി കരകൗശല വികസന കോര്‍പ്പറേഷന്‍ ഫെസ്റ്റിവല്‍ കോംബോ ഗിഫ്റ്റ് ബോക്സ് പുറത്തിറക്കി. ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിര്‍വ്വഹിച്ചു. കരകൗശല വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ.മനോജ്, വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ.മണിറാം, മാനേജര്‍(പി&എ) എം.എം.ഷംനാദ്, മാനേജര്‍ എന്‍.എന്‍.സജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു. വ്യത്യസ്തമായ പരമ്പരാഗത കരകൗശല ഉല്‍പന്നങ്ങളും കൈത്തറി ഉല്‍പന്നങ്ങളും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. 3500 രൂപ മുതല്‍ 9000 രൂപ വരെയാണ് വില. എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്റെ കൈരളി വിപണനശാലകളില്‍ കോംബോ ബോക്സുകള്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്. 2845/2021
എല്‍.ബി.എസ്. മോഡല്‍ ഡിഗ്രികോളേജില്‍ പ്രിന്‍സിപ്പല്‍ ഒഴിവ്
മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ്. മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. യോഗ്യതയും വിശദവിവരങ്ങളും www.lbscentre.kerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്. 2847/2021
കെ-ഡിസ്‌ക്ക് എംപ്ലോയേഴ്സ് പോര്‍ട്ടല്‍, തൊഴില്‍മേള ഉദ്ഘാടനം
കേരള വികസന ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്ക്) എംപ്ലോയേഴ്സ് പോര്‍ട്ടല്‍, യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 2021, ജോബ് ഫെയര്‍ എന്നിവയുടെ ഉദ്ഘാടനം 18ന് രാവിലെ 9ന് നടക്കും. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ചടങ്ങ് നടത്തുന്നത്.
ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ എംപ്ലോയേഴ്സ് പോര്‍ട്ടലിന്റെയും പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി വൈ.ഐ.പി 2021ന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദുവാണ് തൊഴില്‍ മേള ഉദ്ഘാടനം ചെയ്യുന്നത്. ഗതാഗത മന്ത്രി അഡ്വ.ആന്റണി രാജു ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മേയര്‍ ആര്യ രാജേന്ദ്രന്‍, ഡോ.ശശി തരൂര്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ എന്നിവര്‍ സംസാരിക്കും. കെ ഡിസ്‌ക്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്‍ പേഴ്സണ്‍ ഡോ.കെ.എം.എബ്രഹാം സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ സജിത പി.പി. നന്ദിയും പറയും. തൊഴിലുടമകളുടെ പോര്‍ട്ടലിനെക്കുറിച്ചും വൈഐപി 2021 പദ്ധതിയെക്കുറിച്ചും കെഡിസ്‌ക്ക് മെമ്പര്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ വിശദീകരിക്കും.
ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ ഏകദേശം 35,000 ഉപയോക്താക്കള്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംപ്ലോയേഴ്സ് പോര്‍ട്ടലിന്റെ ഉദ്ഘാടനത്തോടൊപ്പം, ഇവരുമായി തൊഴിലുടമകള്‍ക്ക് ബന്ധപ്പെടാനും ജോലി വാഗ്ദാനം ചെയ്യാനും അവസരമൊരുക്കുന്നതാണ് തൊഴില്‍മേള.
പി.എന്‍.എക്‌സ്. 2848/2021
