വിദ്യാസമ്പന്നരായ യുവതികളെ പ്രൊഫഷണല്‍ കോളെജുകള്‍ കേന്ദ്രീകരിച്ച് തീവ്രവാദത്തിന്റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഐഎം. സമ്മേളനങ്ങളുടെ ഉദ്ഘാടനപ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ക്രൈസ്തവരെ മുസ്ലീം ജനവിഭാഗത്തിന് എതിരാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. ക്രൈസ്തവരില്‍ ചെറിയൊരു വിഭാഗത്തിലെ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി കാണണം. ക്ഷേത്രവിശ്വാസികളെ ബിജെപിയുടെ പിന്നില്‍ അണിനിരത്തുന്നത് ഇല്ലാതാക്കും വിധം ആരാധനാലയങ്ങളില്‍ ഇടപെടണമെന്നും സിപിഐഎം നിര്‍ദേശിക്കുന്നു.സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്‍കിയത്.
മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയതീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. വിഷയത്തില്‍ വിദ്യാര്‍ഥി മുന്നണിയും യുവജന മുന്നണിയും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്‍കിയിരുന്നു. ഇതില്‍ ‘ന്യൂനപക്ഷ വര്‍ഗീയത’ എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേകമായി ശ്രദ്ധിക്കണമെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.
