ന്യൂ ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത നടപടികൾ നിർദ്ദേശിക്കുന്ന പുതിയ നിയമഭേദഗതി ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്നു. നിശ്ചിത സമയപരിധി കഴിഞ്ഞ ശേഷമുള്ള രജിസ്ട്രേഷനുകൾക്ക് പിഴയും ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ പ്രത്യേക അനുമതിയും അടക്കമുള്ള നിർദ്ദേശങ്ങളാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർലമെന്റ് സമ്മേളനം പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെയാണ് നിയമം പ്രാബല്യത്തിലാകുന്നത്.

ജനന-മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഓർമ്മിപ്പിക്കുന്നു. 21 ദിവസം വരെ ഫീസോ പിഴയോ കൂടാതെ സൗജന്യമായി രജിസ്റ്റർ ചെയ്യാം.21 മുതൽ 30 ദിവസം വരെ രജിസ്ട്രാർ നിശ്ചയിക്കുന്ന ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. 1 മാസം മുതൽ 1 വർഷം വരെ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥന്റെയോ അനുമതിയും പിഴയും അടയ്ക്കണം.

1 വർഷം മുതൽ 2 വർഷം വരെ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. 2 വർഷത്തിന് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവും പ്രത്യേക പിഴയും നിർബന്ധമാണ്. സ്കൂൾ പ്രവേശനം, വോട്ടർ പട്ടികയിൽ പേര് ചേർക്കൽ തുടങ്ങി വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്ക് ജനന സർട്ടിഫിക്കറ്റ് പ്രായവും ജനന സ്ഥലവും തെളിയിക്കാനുള്ള രേഖയായി മാറിയേക്കും. ഇതിനൊപ്പം സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *