ഗസ്സയിലെ മനുഷ്യകുരുതി ഹമാസ് തുടർന്നാൽ ഉന്മൂലനം ചെയ്യുകയല്ലാതെ വേറെ മാർഗമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് നടത്തുന്ന കൊലപാതകങ്ങൾ സമാധാനക്കരാറിന്റെ ഭാഗമല്ലെന്നും ട്രംപ്. എക്‌സിലൂടെയാണ് ട്രംപിന്റെ പ്രതികരണം. ഗസ്സയിൽ എതിർ സംഘാംഗങ്ങളെ വധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ഹമാസ് ആയുധം കൈവെടിഞ്ഞില്ലെങ്കിൽ തങ്ങൾ അവരെ നിരായുധീകരിക്കുമെന്നും അത് ചിലപ്പോൾ രക്തരൂക്ഷിതമായിരിക്കുമെന്നും ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇസ്രയേലുമായി സഹകരിച്ചുവെന്ന് ആരോപിച്ച് പലസ്തീനികളെ ഹമാസ് പരസ്യമായി വധിച്ചിരുന്നു. “നിരപരാധികളായ പലസ്തീൻ പൗരന്മാർക്കെതിരായ ആക്രമണം” നിർത്താൻ മിഡിൽ ഈസ്റ്റിലെ യുഎസ് സേനയുടെ കമാൻഡർ പരസ്യമായി ഹമാസിനോട് ആവശ്യപ്പെട്ടു.

വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചാൽ സൈനിക നടപടി പുനരാരംഭിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഹമാസ് നിരായുധീകരിച്ചില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന ചോദ്യത്തിന് താൻ ഒരു വാക്ക് പറഞ്ഞാൽ ഇസ്രയേൽ സൈന്യത്തിന് തെരുവുകളിലേക്ക് ഇറങ്ങുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *