പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരിക്കുന്നവരാണ് മലിനീകരണത്തിന് കര്‍ഷകരെ കുറ്റപ്പെടുത്തുന്നതെന്ന് സുപ്രീം കോടതി യുടെ വിമർശനം. വായുമലിനീകരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കാന്‍ ബ്യൂറോക്രസിക്ക് കഴിയുന്നില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മലിനീകരണം തടയുന്നതിന് എടുത്ത തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി.
ഇതിനിടെ, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രയോഗികമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

ഡല്‍ഹിയിലെ വായുമലിനീകരണത്തിന് മുഖ്യകാരണം വൈക്കോല്‍ കത്തിക്കല്‍ അല്ലെന്ന് താന്‍ പറഞ്ഞതിനെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പഞ്ചാബിലെയും ഹരിയാണയിലെയും കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതാണ് വായുമലിനീകരണത്തിന് കാരണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഇന്നും കോടതിയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ കോടതി ഇതിനോട് വിയോജിച്ചു. പൂര്‍ണമായി വിലക്കിയിട്ടും ഡല്‍ഹിയില്‍ ദീപാവലിക്ക് ശേഷം എത്ര പടക്കം പൊട്ടിയെന്ന് സുപ്രീം കോടതി ആരാഞ്ഞു. കര്‍ഷകരെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു.

ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളാണ് മറ്റെല്ലാ മലിനീകരണത്തെക്കാളും വലുതെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. അവര്‍ക്ക് കാര്യം എന്താണെന്ന് അറിയില്ല. പരാമര്‍ശങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ചര്‍ച്ചയാക്കുന്നു. എല്ലാവര്‍ക്കും അവരുടെ അജണ്ടയുണ്ടെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കുന്നത് രാജ്യവ്യാപകമായി ബാധിക്കുമെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. വളരെ കുറച്ച് സര്‍ക്കാര്‍ വാഹനങ്ങള്‍ മാത്രമേ നിരത്തില്‍ ഉള്ളൂ. ഇവ വിലക്കുന്നത് കൊണ്ട് കാര്യമായ ഗുണം ഉണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോമിന് പകരം കാര്‍ പൂളിങ് നടത്താന്‍ ജീവനക്കാരോട് നിര്‍ദേശിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവ ഉള്‍പ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടയ്ക്കാന്‍ നിര്‍ദേശിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അവശ്യ സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രക്കുകള്‍ ഒഴികെയുള്ളവയ്ക്ക് നവംബര്‍ 21 വരെ ഡല്‍ഹിയിലേക്ക് പ്രവേശനം ഉണ്ടാകില്ല.
കടുത്ത നടപടികള്‍ പ്രഖ്യാപിക്കുന്നത് നവംബര്‍ 21 വരെ നീട്ടിവയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *