തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 135 ദിവസമായി തുടരുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ തലത്തിൽ നീക്കം സജീവമാകുന്നു. 23 ദിവസമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സമരസമിതി കൺവീനർ വളർമതി ആരോഗ്യനില വീണ്ടെടുത്താലുടൻ വിഷയത്തിൽ ചർച്ച നടത്താനാണ് സർക്കാർ തീരുമാനം.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീനുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി വളർമതി ജലപാനം ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇവരുടെ ആരോഗ്യനില മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എങ്കിലും, ചർച്ചയിലൂടെ തങ്ങളുടെ ആവശ്യങ്ങളിൽ വ്യക്തമായ പരിഹാരം ഉണ്ടായതിനുശേഷം മാത്രമേ നിരാഹാര സമരം പൂർണ്ണമായും അവസാനിപ്പിക്കുകയുള്ളൂ എന്ന നിലപാടിലാണ് വളർമതി.
സമരപ്പന്തലിൽ മറ്റൊരു റാങ്ക് ഹോൾഡറായ ജയകൃഷ്ണൻ അനുഷ്ഠിക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.ജെ.പിയുടെ നേതൃത്വത്തിലുള്ള റിലേ നിരാഹാര സമരവും സെക്രട്ടേറിയറ്റിന് മുന്നിൽ തുടരുകയാണ്.
