കോഴിക്കോട്: വടകരയിൽ ആറാം ക്ലാസുകാരനായ മകനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ വാടകയ്ക്ക് താമസിക്കുന്നയാളെയാണ് പോലീസ് പിടികൂടിയത്. മർദനത്തിന് പ്രേരണ നൽകിയ രണ്ടാനമ്മക്കെതിരെയും വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ കഴുത്തിന് പിടിച്ചുതള്ളുകയും കൈ കൊണ്ടും ടോർച്ച് കൊണ്ടും ശരീരമാകെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. രണ്ടാനമ്മയുടെ നിരന്തരമായ പ്രേരണയെത്തുടർന്നാണ് അച്ഛൻ കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ബാലനീതി വകുപ്പ്, തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വടകര പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് കുഞ്ഞിനെതിരായ ക്രൂരത പുറംലോകമറിഞ്ഞതും പിതാവ് അറസ്റ്റിലായതും.
