തൃശ്ശൂരും തിരുവനന്തപുരത്തും യുഡിഎഫിന് വിജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ സീറ്റുകളാണ് ബിജെപി ഉന്നമിടുന്നത്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്തി ഇത്തവണ യുഡിഎഫ് ജയിക്കും. ഒരു സീറ്റിൽ പോലും ബിജെപി ജയിക്കില്ല. അക്കാര്യം ഞങ്ങൾ ഉറപ്പ് വരുത്തുമെന്നും വിഡി സതീശൻ പറഞ്ഞു. തൃശ്ശൂർ സീറ്റ് ബിജെപിക്ക് അനുകൂലമാകാൻ എക്സാലോജിക്ക്, കരുവന്നൂർ കേസുകളിൽ സെറ്റിൽമെന്റ് ഞങ്ങൾ സംശയിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എക്സാലോജിക്കിനെതിരായ ആർഒസി റിപ്പോർട്ടിൽ മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എക്സാലോജിക്ക് വാദം ശരിവയ്ക്കുന്ന ഒരു രേഖയും നൽകിയില്ല. സിബിഐയും ഇഡിയും അന്വേഷിക്കേണ്ട കേസാണ് ഇതെന്നാണ് റിപ്പോർട്ട്. സിബിഐ, ഇ ഡി അന്വേഷണം വേണം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണം. കോർപ്പറേറ്റ് മന്ത്രാലയം മാത്രം അന്വേഷിച്ചിട്ട് എന്ത് കാര്യം. എന്നിട്ടും കോർപ്പറേറ്റ് മന്ത്രാലയം അന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇത് സംഘപരിവാറുമായുള്ള ബന്ധത്തിന്റെ തെളിവാണ്. സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ട്. ഇടയ്ക്ക് വൻ പോരാട്ടമാണ്. അത് ജനങ്ങളെ കബളിപ്പിക്കാനാണ്. സിബിഐ തെറ്റായ വഴിയിൽ അന്വേഷണം കൊണ്ടുപോയാൽ പ്രതിപക്ഷം സർക്കാരിന് ഒപ്പം നിൽക്കും. അധികാരം ദുർവിനിയോഗം ചെയ്യാനോ സെറ്റിൽമെന്റിനോ അനുവദിക്കില്ല. ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്തിയില്ലല്ലോ. അന്വേഷണം നടത്തേണ്ടത് ബന്ധപ്പെട്ട ഏജൻസികളാണ്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്ന സിപിഎം മറുപടി ക്ലീഷേയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *