ഝാന്‍സി: സ്ത്രീയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഭര്‍തൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകള്‍ വരച്ച ചിത്രം. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ കോട്വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാര്‍ കോളനിയില്‍ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്.
വര്‍ഷങ്ങളോളം തുടര്‍ന്ന പീഡനത്തിനുശേഷം ഭര്‍ത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന സംശയമുയര്‍ത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ്. സോണാലി ആത്മഹത്യ ചെയ്തതായാണ് ഭര്‍തൃവീട്ടുകാര്‍ അവരുടെ കുടുംബത്തോട് പറഞ്ഞത്. എന്നാല്‍ മകള്‍ ദര്‍ശിത വരച്ച ഒരു ചിത്രവും മൊഴിയും സൂചിപ്പിക്കുന്നത് ഭര്‍ത്താവാണ് അവരെ കൊലപ്പെടുത്തിയതെന്നും ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കിയെന്നുമാണ്. മെഡിക്കല്‍ പ്രതിനിധിയാണ് സന്ദീപ് ബുധോലിയ.
‘അച്ഛന്‍ അമ്മയെ ആക്രമിച്ച് കൊന്നതാണ്. തലയില്‍ ഒരു കല്ലുകൊണ്ട് അടിച്ചശേഷം ശരീരം കെട്ടിത്തൂക്കി. പിന്നീട്, അയാള്‍ മൃതദേഹം താഴെയിറക്കി ഒരു ചാക്കിലാക്കി ഉപേക്ഷിച്ചു,’ പിന്നീട് ആക്രമണത്തിന്റെ ചിത്രം വരച്ച് കാണിച്ചുകൊണ്ട് മകള്‍ ദര്‍ശിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അച്ഛന്‍ തന്റെ അമ്മയെ കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തിയിരുന്നു.
