
പാതി വില തട്ടിപ്പിൽ സായി ഗ്രാമം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന്‍റെ വീട്ടിലും ലാലി വിൻസെന്‍റിന്‍റെ വീട്ടിലും റെയ്ഡ് തുടരുന്നു. പ്രതി അനന്തു കൃഷ്ണന്‍റെ കടവന്ത്രയിലെ സോഷ്യൽ ബി വെൻഞ്ചേസ് എന്ന സ്ഥാപനത്തിൽ ക്രൈം ബ്രാഞ്ച് എസ്‍പിയുടെ നേതൃത്വത്തിലും പരിശോധന നടത്തുന്നു.
ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും . തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു. തട്ടിപ്പിൽ ആനന്ദകുമാറിന് പങ്കുണ്ടെന്ന റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി. ഒരുകൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസെടുത്തത് പൊലീസിന്‍റെ അധികാര ദുർവിനിയോഗമെന്നും എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തിയിട്ടില്ലെന്നും ഹരജിയിൽ പറയുന്നു. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും.