സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നേതാക്കൾ.

സ്നേഹനിധിയായ ഒരു മനുഷ്യന്‍ എന്ന നിലയിലും ആത്മീയ നേതാവ് എന്നനിലയിലും അദ്ദേഹം ജനങ്ങളോട് അടുത്തുനിന്നിരുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം വിദ്യാഭ്യാസ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കി എന്നും സ്പീക്കര്‍ ശ്രീ. എ.എന്‍. ഷംസീര്‍ അനുസ്മരിച്ചു.

മികച്ച പണ്ഡിതനും ചിന്തകനും മാർഗ്ഗദർശ്ശിയുമായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിൻ്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വിശ്വാസത്തിലൂന്നി കർശന നിലപാടുകൾ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു അദ്ദേഹം. ‘സഭയുടെ കിരീടം’ എന്നാണ് ബനഡിക്ട് മാർപാപ്പ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സിറോ മലബാർ സഭയുടെ തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുള്ള ശ്രമങ്ങൾ നടത്തിയതും മാർ ജോസഫ് പൗവത്തിലായിരുന്നു. ഗുരുശ്രേഷ്ഠനായ ആർച്ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ്.

രണ്ടുപതിറ്റാണ്ട്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നുവെന്നും ആരാധനാക്രമ പരിഷ്കരണം, സാശ്രയ വിദ്യാഭ്യാസം എന്നിവയിൽ കർക്കശ നിലപാടെടുത്ത അദ്ദേഹം കർ‌ഷകർക്കായി എന്നും നിലകൊണ്ടു. ആഴമേറിയ ആദ്ധ്യാത്മികതയും സഭാത്മകമായ ഉള്‍ക്കാഴ്ചയും പാണ്ഡിത്യവും കൈമുതലായുണ്ടായിരുന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൗവത്തിന്‍റെ വിയോഗം കേരളീയ സമൂഹത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് എഐ സിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *