കോഴിക്കോട് മെഡിക്കൽ കോളജിനോടുള്ള അവഗണന അവസാനിക്കുക എന്ന ആവശ്യം ഉന്നയിച്ച് യുഡിഎഫ് പാർലമെൻ്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ഉപവാസസമരം സംഘടിപ്പിച്ചു. എം കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിലാണ് ഏകദിന ഉപവാസം ആരംഭിച്ചത്.മെഡിക്കൽ കോളജിലേക്കുള്ള മരുന്നുകൾ മരുന്ന് വിതരണ കമ്പനിക്കാർ നിർത്തിവച്ചതിനെ തുടർന്ന് രോഗികൾക്ക് ഉണ്ടായ പ്രയാസം ഉയർത്തി കാണിച്ചാണ് ഉപവാസം. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നടന്ന ഉപവാസ സമരം ഡോ. എം കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മെഡിക്കൽ കോളജിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ജീവൻ രക്ഷാ മരുന്നുകളും ഉപകരണങ്ങളും നിർത്തിവയ്‌ക്കുക എന്നത് ഏറെ ലജ്ജാകരമാണെന്ന് എം കെ മുനീർ എംഎൽഎ പറഞ്ഞു.ഡയാലിസിസ് അടക്കമുള്ള ചികിത്സകൾക്കായി ഇപ്പോൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. അത്തരത്തിലുള്ള പാവപ്പെട്ട രോഗികൾക്ക് ആശ്വാസം ആകുന്നതിനു വേണ്ടിയാണ് മെഡിക്കൽ കോളജ് പോലുള്ള ആശുപത്രികൾ സ്ഥാപിച്ചത്. എന്നാൽ പാവപ്പെട്ട രോഗികളുടെ ജീവിതത്തെ ദുസ്സഹം ആക്കുന്ന വിധത്തിലാണ് ഇപ്പോൾ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും ഡോ. എം കെ മുനീർ എംഎൽഎ സൂചിപ്പിച്ചു.ഉപവാസ സമരത്തിന് ഡിസിസി പ്രസിഡന്‍റ് അഡ്വ: പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. സർക്കാരിന്‍റെയും തലതിരിഞ്ഞ നയങ്ങളും അനാസ്ഥയും ആണ് മെഡിക്കൽ കോളജിന്‍റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് എം കെ രാഘവൻ എംപി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. എം എ റസാഖ് മാസ്റ്റർ, യുസി രാമൻ, കെഎം അഭിജിത്ത്, യു വി ദിനേശ് മണി, സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കൽ തുടങ്ങിയവർ പരിപാടിയില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *