ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ് ) ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ഇന്ത്യന്‍ വംശജയായ സഞ്ചാരി സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു.
‘സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സംഭാഷണത്തില്‍ സുനിതയുടെ പേര് ഉയര്‍ന്നുവന്നു. നിങ്ങളെയോര്‍ത്ത് എത്രയേറെ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം സുനിതയ്ക്ക് ഒരു കത്ത് എഴുതാതിരിക്കാനായില്ല. സുനിത വില്യംസിന്റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയും സന്നദ്ധതയും ഉറപ്പിക്കുന്നതായി പുതിയ ദൗത്യവും. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയകരമായ ലാന്‍ഡിംഗിനും എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കുന്നു’- എന്നിങ്ങനെ നീളുന്നു സുനിത വില്യംസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിലെ വിശദാംശങ്ങള്‍. തിരിച്ചുവരവിന് ശേഷം സുനിത വില്യംസിനെ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതായും മോദി കത്തില്‍ ചേര്‍ത്തു.