
കൊടുങ്ങല്ലൂരിൽ അമ്മ ഒന്നര വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിയിൽ പോക്സോ കേസ് എടുത്ത പൊലീസിന് എതിരെ അന്വേഷണത്തിന് നിർദേശം. കുടുംബ വഴക്കിനെ തുടർന്ന് പിരിഞ്ഞു കഴിയുന്ന ഭർത്താവ് ഭാര്യക്ക് എതിരെ നൽകിയ പരാതിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് അമ്മയ്ക്ക് എതിരെ പോക്സോ ആക്ട് പ്രകാരം കേസ് എടുത്തത്.ഒന്നര വയസുള്ള മകളെ സ്വന്തം അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന വിചിത്ര പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താതെ കേസ് എടുത്ത പൊലീസ് നടപടി അന്വേഷിക്കുവാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിയാണ് നിർദേശം നൽകിയിട്ടുള്ളത്.പ്രതിയുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേ ഇത്തരം കേസ് വിശ്വസിക്കുവാൻ കഴിയില്ലെന്ന് ഹൈക്കോടതി വിമർശിക്കുകയും ചെയ്തിരുന്നു.