ലഖിംപുര്‍ ഖേരിയില്‍ കർഷക സമരത്തിനിടെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കകം കീഴടങ്ങണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പറയുന്നത്.ഇരകളുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.അലഹബാദ് ഹൈക്കോടതി ഫെബ്രുവരിയിലാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നില്ല.

അനാവശ്യമായ തിടുക്കവും പരിഗണനകളും നല്‍കിയാണ് ആശിഷ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തികച്ചും അപ്രസക്തമായ വസ്തുതകള്‍ കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നടപടി. പരാതിക്കാരുടെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പരാതിക്കാര്‍ക്ക് ജാമ്യം എതിര്‍ത്ത് കോടതിയില്‍ വാദം ഉന്നയിക്കാന്‍ നിയമപരമായ അവകാശം ഉണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.നിലവില്‍ ഈ ജാമ്യം റദ്ദാക്കുകയാണെന്നും ഒരാഴ്ചക്കകം ആശിഷ് മിശ്ര കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *