
നടി വിൻ സിയുടെ ആരോപണങ്ങളിൽ കേസെടുക്കുന്ന കാര്യത്തിൽ പൊലീസിൽ ആശയക്കുഴപ്പം തുടരുന്നു. അതെ സമയം വിൻ സിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടിക്ക് താൽപര്യമില്ലെന്നും സിനിമയിലെ പരാതി സിനിമയിൽ തീർക്കാമെന്നുമാണ് കുടുംബത്തിന്റെ നിലപാട്. ഇക്കാര്യം കുടുംബം എക്സൈസിനെ അറിയിച്ചു. വിൻ സിയുടെ പിതാവാണ് എക്സൈസ് ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിൻ സിയോട് സംസാരിച്ച ശേഷമാകും കേസെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ഷൈൻ ടോം ചാക്കോക്കെതിരായ ആരോപണങ്ങളിൽ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ഇന്ന് നിലപാട് പ്രഖ്യാപിച്ചേക്കും.ഷൈനിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാൻ താരസംഘടനയായ ‘അമ്മ’ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോർട്ട് ഇന്ന് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടർ നടപടികൾ. ഷൈനിനെ സംഘടനയിൽ നിന്നും പുറത്താക്കണമെന്നത് അടക്കം ആവശ്യങ്ങൾ ശക്തമാണ്. വിൻ സിയുടെ പരാതിയിന്മേൽ നോട്ടിസ് നൽകാനാണ് ‘സൂത്രവാക്യം’ സിനിമ ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ തീരുമാനം. വിൻ സിയുടെ പരാതിയിൽ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തുന്നത്. ഷൈനിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചിട്ടുണ്ട്.