ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് ലോക്സഭയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. രാത്രി 8:30-നാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ബില്ല് പരാജയപ്പെട്ടതിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് അദ്ദേഹം വ്യക്തമാക്കും.
കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പിന്നാലെ സുരക്ഷാ സമിതി യോഗവും ഇന്ന് ചേർന്നിരുന്നു. ഇതിന് ശേഷമാണ് നിർണ്ണായകമായ അഭിസംബോധനയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. വനിതാ സംവരണം നടപ്പിലാക്കുന്നതിനായി സർക്കാർ സ്വീകരിക്കാൻ പോകുന്ന തുടർന്നുള്ള നടപടികളെക്കുറിച്ച് സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയേക്കുമെന്നാണ് സൂചന. ബില്ലിനെ എതിർത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി രൂക്ഷമായ വിമർശനം ഉന്നയിക്കാനും സാധ്യതയുണ്ട്.
