
267-ാമത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ലിയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് തിരുകർമങ്ങൾ ആരംഭിക്കുക.വത്തിക്കാൻ കനത്ത സുരക്ഷാവലയത്തിലാണ്.
മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.പത്രോസിന്റെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾക്കു ശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കർദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാർപാപ്പ എത്തുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന ആഘോഷമായ കുർബാനയ്ക്ക് മാർപാപ്പ മുഖ്യകാർമികത്വം വഹിക്കും.സഭയുടെ ആദ്യ മാർപാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓർമപ്പെടുത്തി മുക്കുവന്റെ മോതിരവും ഇടയധർമം ഓർമപ്പെടുത്തി കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. കുർബാനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലൂടെ പോപ് മൊബീലിൽ യാത്ര ചെയ്തു മാർപാപ്പ വിശ്വാസികളെ ആശീർവദിക്കും. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. വത്തിക്കാനിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ട റി മാർക്കോ റുബിയോയും പങ്കെടുക്കും. നിരവധി യുഎസ് കോൺഗ്രസ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാളെ വത്തിക്കാനിൽ എത്തിയേക്കുമെന്നും സൂചനകളുണ്ട്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്, ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാങ്കോ ബോയ്, യുക്രെയ്‌ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്‌കി, പെറു പ്രസിഡന്‍റ് ദിന എർസിലിയ ബൊലാർതെ സെഗാര, ബ്രിട്ടനിലെ എഡ്വേർഡ് രാജകുമാരൻ,ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മത്തറെല്ല, പ്രധാനമന്ത്രി ജോർജിയ മെലോണി തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തും.