പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം അടുത്ത മാസം പ്രസിദ്ധീകരിക്കും. മലപ്പുറത്ത് ഒഴികെ മൂല്യനിര്‍ണയ ക്യാംപുകള്‍ നാളെ അവസാനിക്കും. മലപ്പുറത്തു രണ്ട് ദിവസം കൂടി നീളും. ജൂലൈ ആദ്യവാരം പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കാനാണു ശ്രമം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ 22 ല്‍ നിന്ന് 28 ലേക്കു നീട്ടിയതോടെ ഫലപ്രഖ്യാപനം 15 ന് അകം നടത്താനാകുമെന്ന കണക്കുകൂട്ടല്‍ തെറ്റി. കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ഥികള്‍ക്കു ഫലം നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്താനാണ് നിര്‍ദേശം. ഇവരുടെ ഫലം മാത്രം പിന്നീടു പ്രഖ്യാപിക്കാവുന്ന രീതിയില്‍ മാറ്റും.

പ്ലസ് ടു, വിഎച്ച്എസ്ഇ പ്രായോഗിക പരീക്ഷകള്‍ മന്ത്രി വി.ശിവന്‍കുട്ടി ഇടപെട്ട് 28ലേക്ക് മാറ്റിയിരുന്നു. വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്ന വിദ്യാര്‍ഥികളുടെ പരാതികള്‍ ലഭിച്ചതോടെയാണു മന്ത്രി ഇടപെട്ടത്. പരീക്ഷയ്ക്ക് തയാറെടുക്കാന്‍ ഒരാഴ്ച സമയം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും ലാബില്‍ പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. ആവശ്യമുള്ള കുട്ടികള്‍ക്ക് ഇന്നു മുതല്‍ 21 വരെ പ്രായോഗിക പരിശീലനം നല്‍കാമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ശരീരോഷ്മാവ് കൂടിയ കുട്ടികള്‍ക്ക് പ്രത്യേക മുറിയില്‍ പരീക്ഷ നടത്തണം. ഉപകരണങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പും ശേഷവും അണുനശീകരണം നടത്തണം. ഒരു കുട്ടി ഉപയോഗിച്ചത് കൈമാറാന്‍ പാടില്ല. ലാബുകളില്‍ എസി പ്രവര്‍ത്തിപ്പിക്കരുത്. വൈവ, പ്രൊസീജ്യര്‍ എഴുതല്‍ എന്നിവ ലാബിന് പകരം മറ്റു ക്ലാസുകളില്‍ നടത്തണം. കുട്ടികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *