ബലിപെരുന്നാളിനോട് അനുബന്ധിച്ച് കേരളത്തിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്.ഏറെക്കാലത്തിന് ശേഷമാണ് ഞായറാഴ്ച ഇളവ് ലഭിക്കുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്ക്ഡൌണിൽ ഇന്ന് ഇളവ് ഏർപ്പെടുത്തിയത്.
മൂന്ന് ദിവസവും എ, ബി, സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കാം.
രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക. ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ ബക്രീദ് പ്രമാണിച്ച്, നിയന്ത്രണങ്ങൾക്ക് വിധേയമായി തിങ്കളാഴ്ച കടകൾ തുറക്കാമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം മൂന്ന് ദിവസം തുടർച്ചയായി കടകൾ തുറക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് ജില്ലാ പൊലീസ് മേധാവിമാർക്കു നിർദേശം നൽകി.
ഈ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശിക്കാവുന്ന പരമാവധി ആൾക്കാരുടെ എണ്ണം നാൽപതായി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പൊലീസ് മേധാവിമാരും സബ്ബ് ഡിവിഷനൽ പൊലീസ് ഓഫിസർമാരും സ്റ്റേഷൻ ഹൗസ് ഓഫിസർമാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പർക്കം പുലർത്തും.
കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകാനും നിർദേശമുണ്ട്.
