ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്നാണ് ട്വിറ്ററിലൂടെ പ്രിയങ്ക അറിയിച്ചത്. കോൺഗ്രസ് പാർട്ടിയുടെ നെടുംതൂണായിരുന്നു അദ്ദേഹം. ഇന്ന് നാം പോരാടുന്ന മൂല്യങ്ങളോട് അഗാധമായ പ്രതിബദ്ധത പുലർത്തിയ, ജീവിതം സേവനത്തിനായി സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രിയങ്ക കുറിച്ചു.
ഇന്ന് രാവിലെ 4.25നായിരുന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ അന്ത്യം. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകൻ ചാണ്ടി ഉമ്മൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മൻ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.