കാബൂളില്‍ നിന്ന് അഭയാര്‍ഥികളുമായി വന്ന സൈനിക വിമാനത്തിന്റെ ഗാന്‍ഡിംഗ് ഗിയറില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് യു.എസ് വ്യോമസേന .യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റര്‍ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി.

താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി കാബൂള്‍ എയര്‍പോര്‍ട്ടില്‍ ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടി. വിമാനത്തില്‍ കയറിപ്പറ്റാനായി ജനങ്ങള്‍ തിക്കിതിരക്കി. ഒടുവില്‍ തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാസാഹചര്യം മോശമായ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ചരക്കുവിമാനങ്ങളില്‍ വരെ അഫ്ഗാന്‍ പൗരന്മാര്‍ ഇരച്ചുകയറിയെന്നും പ്രസ്താവനയില്‍ പറയുന്നു.

ഒഴിപ്പിക്കല്‍ നടപടികള്‍ക്കായുള്ള ചരക്ക് ഇറക്കാനായാണ് യുഎസ് വിമാനം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്തതോടെ ആളുകള്‍ ഇരച്ചെത്തി. ഇതോടെ ചരക്ക് ഇറക്കുന്നതിനു മുന്‍പ് വിമാനം ആളുകളേയും കൊണ്ട് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.

വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങി യാത്ര ചെയ്ത രണ്ട് പേര്‍ യാത്രയ്ക്കിടെ താഴേക്ക് വീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനം നീങ്ങുമ്പോള്‍ മുന്നിലും വശങ്ങളിലൂമായി കയറാനാകാത്ത ജനം ഓടുന്ന ദൃശ്യം അങ്കലാപ്പ് വ്യക്തമാക്കുന്നതായി. 3200 പേരെ യുഎസ് വിമാനങ്ങളില്‍ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകള്‍. ചൊവ്വാഴ്ച മാത്രം 1100 പേരുടെ ഒഴിപ്പിക്കല്‍ നടന്നു. യു.എസ് പൗരന്മാരും പെര്‍മനന്റ് റസിഡന്റ് വിസ ഉള്ളവരും അവരുടെ കുടുംബത്തേയുമാണ് 13 വിമാനങ്ങളിലായി യു.എസിലെത്തിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റ് ആവര്‍ത്തിക്കില്ലെന്നും അഫ്ഗാന്‍ സേന പോരാടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ അവിടെ പോരാട്ടത്തിനില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ, ഓസ്‌ട്രേലിയ ആദ്യ വിമാനത്തില്‍ 24 ദൗത്യസേനാംഗങ്ങളെ ഒഴിപ്പിച്ചുവെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. യു.എസ്, ബ്രിട്ടീഷ് സംഘത്തിനൊപ്പം അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നവരാണിവര്‍. അഫ്ഗാനില്‍ കുടുങ്ങിപ്പോയ പൗരന്മാരെയും ഓസ്‌ട്രേലിയയില്‍ വര്‍ക്ക് വിസയുള്ള അഫ്ഗാന്‍ പൗരന്മാരേയും ഒഴിപ്പിക്കുന്നതിന് 250 സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *