രാഖി കെട്ടിയത് ചോദ്യം ചെയ്തതാണ് കൊല്ലപ്പെട്ട സി.പി.എം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനും പ്രതി നവീനും തമ്മില്‍ വിരോധത്തിന് ഇടയാക്കിയതെന്ന് വിശദീകരിച്ച് പൊലീസ്. ‘പ്രതികള്‍ക്ക് ഷാജഹാനോട് വൈര്യാഗം ഉണ്ടായിരുന്നു. കൊലപാതകം നടന് ദിവസം നവീന്‍ രാഖി കെട്ടിയത് ഷാജഹാന്‍ ചോദ്യം ചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടി’ -എസ്.പി പറഞ്ഞു.

കൂടാതെ, പാര്‍ട്ടിയില്‍ ഷാജഹാനുണ്ടായ വളര്‍ച്ചയും പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്ന് പെട്ടെന്നുള്ള പ്രകോപനങ്ങളും കൊലയ്ക്ക് കാരണമായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നവീന്‍, അനീഷ്, ശബരീഷ്, സുജീഷ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സിദ്ധാര്‍ത്ഥ്, ശിവരാജന്‍, സജീഷ്, വിഷ്ണു എന്നിവര്‍ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

പ്രതികള്‍ക്കു ഷാജഹാനോടുള്ള വ്യക്തിവിരോധം ഉള്‍പ്പെടെ കൊലപാതകത്തിനു കാരണമായെന്നു പൊലീസ് പറഞ്ഞു. പ്രതികള്‍ രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്‌ലെക്‌സ് ബോര്‍ഡ് വച്ചതുമായി ബന്ധപ്പെട്ടും ഈയിടെ തര്‍ക്കമുണ്ടായിരുന്നു. 14നു പകലും ഒന്നാം പ്രതി നവീനുമായി തര്‍ക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാജഹാന്‍ 2019ല്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രതികള്‍ക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകല്‍ച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഒപ്പം ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നുള്‍പ്പെടെ മാറി നിന്നതായും പൊലീസ് പറഞ്ഞു.

ഓരോ പ്രതികള്‍ക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണങ്ങളുണ്ട്. കൊലപാതകം നടന്ന ദിവസം നവീന്‍ രാഖികെട്ടിയത് ഷാജഹാന്‍ ചോദ്യംചെയ്തു. രാഖി പൊട്ടിച്ചത് വിരോധം കൂട്ടിയെന്നും എസ്.പി പറഞ്ഞു. കൃത്യം നടത്തിയശേഷം പ്രതികള്‍ മൂന്ന് സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ചിലര്‍ മലമ്പുഴ കവയിലെ കോഴിമലയിലെത്തി 300 മീറ്ററോളം ഉയരത്തില്‍ ഒളിച്ചിരുന്നു. നവീനിനെ പട്ടാമ്പിയില്‍ നിന്നും സിദ്ധാര്‍ത്ഥിനെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. പിടിയിലായവരുടെ രാഷ്ട്രീയപശ്ചാത്തലം പരിശോധിക്കുകയാണ്. എട്ടുപേരെയാണ് ആദ്യം പ്രതിചേര്‍ത്തതെങ്കിലും കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വൈകാതെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എസ്.പി പറഞ്ഞു.

അതേസമയം, പ്രതികളില്‍ അനീഷ്, ശബരീഷ്, സുജീഷ് എന്നിവരെ ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിമലയിലും കൊലപാതകം നടന്ന കുന്നങ്കാട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുത്തു. ഷാജഹാനെ വെട്ടാന്‍ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. കുനിപ്പുള്ളി വിളയില്‍പൊറ്റയില്‍ കോരയാര്‍പ്പുഴയുടെ സമീപത്തുള്ള പാടത്ത് നിന്നാണ് മൂന്ന് വാളുകള്‍ കണ്ടെടുത്തത്. വാളിന്റെ പിടിയില്‍ ഉള്‍പ്പെടെ പല ഭാഗങ്ങളിലും രക്തക്കറ കണ്ടെത്തി. പ്രതികള്‍ അവരവരുടെ വീടുകളില്‍ നിന്നാണ് വാളുകള്‍ കൊണ്ടുവന്നത്. കുന്നങ്കാട്ട് പ്രതികളെ എത്തിച്ചപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി.

Leave a Reply

Your email address will not be published. Required fields are marked *