ആഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ച് ഡിഎംകെ. സ്റ്റാലിന്‍റെ കുടുംബത്തിൽ ഇതുസംബന്ധിച്ച ധാരണയായെന്നും ഈ ആഴ്ച തന്നെ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പ് മകൻ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെക്കുറിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സൂചന നല്‍കിയിരുന്നു.ഇതിനുപിന്നാലെയാണിപ്പോള്‍ ഉദയനിധി സ്റ്റാലിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമുണ്ടാകുന്നത്. നടൻ വിജയ് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനംസജീവമാക്കുന്നതിനിടെയാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്നതാണ് ശ്രദ്ധേയം.നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും തിരിച്ചെത്തിയ സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു പ്രതികരണം. അമേരിക്കൻ സന്ദർശനത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോഴാണ് സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സമയം ആയില്ലെന്നാണ് മുൻപ് പലപ്പോഴും സ്റ്റാലിൻ പറഞ്ഞിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിരുന്നില്ല. നിലവിൽ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് ചലച്ചിത്ര താരം കൂടിയായ ഉദയനിധി. നേരത്തെ കരുണാനിധി മുഖ്യമന്ത്രിയായിരിക്കെ 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയത്. സ്റ്റാലിന്റെ പാതയില്‍ തന്നെയാണ് ഉദയനിധിക്കും വഴിയൊരുക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരില്‍ കൂടുതൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഭരണത്തില്‍ പിതാവിനെ സഹായിക്കുന്നതിനുമാണ് സ്ഥാനക്കയറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനും പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. 2022 ഡിസംബറിലാണ് അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *