ന്യൂ ഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്ത്തി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൻസ് കണ്ണന്താനം രംഗത്ത്. കേരള ഹൗസിലെ കൊച്ചിൻ ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സതീശനെ പ്രശംസിച്ച് സംസാരിച്ചത്. വി ഡി സതീശൻ നല്ലൊരു മനുഷ്യനും സുഹൃത്തുമാണെന്നും, വ്യക്തമായ കാഴ്ചപ്പാടുള്ള മികച്ചൊരു നേതാവാണെന്നും കണ്ണന്താനം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തിൽ ശത്രുത കാണേണ്ട കാര്യമില്ലെന്നും, മുഖ്യമന്ത്രിയെന്ന നിലയിൽ സതീശന്റെ പ്രവർത്തനങ്ങൾ തികച്ചും തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും, അഭിനന്ദനങ്ങൾ അറിയിക്കാനാണ് താൻ എത്തിയതെന്നും പറഞ്ഞ അൽഫോൻസ് കണ്ണന്താനം എല്ലാവിധ ആശംസകളും നേർന്നു.
മുൻപും സതീശനെ അനുകൂലിച്ച് ബിജെപി നേതാക്കളിൽ നിന്നും പ്രസ്താവനകൾ വന്നിട്ടുണ്ട്. മുൻപ് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിയും മുഖ്യമന്ത്രിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മുൻ സർക്കാരുകളുടെ കാലത്ത് നിന്ന് വ്യത്യസ്തമായി നിലവിലെ സർക്കാർ കേന്ദ്രവുമായി മികച്ച സഹകരണമാണ് പുലർത്തുന്നതെന്നും, മുഖ്യമന്ത്രി അടക്കമുള്ളവരെ ഇപ്പോൾ ഏത് കാര്യത്തിനും സമീപിക്കാൻ സാധിക്കുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.
