കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രോസിക്യൂഷന് അനുമതിയില്‍ തീരുമാനം ഹൈക്കോടതി എടുക്കുമെന്ന് സിംഗിള്‍ ബെഞ്ച്. പ്രോസിക്യൂഷന് അനുമതി സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് കൃത്യമായ നിലപാട് വ്യക്തമാക്കാനാകാത്തതും വകുപ്പുകളുടെ നിലപാടില്‍ വൈരുദ്ധ്യമുള്ളതുമാണ് കോടതിയുടെ തീരുമാനത്തിന് കാരണം.
മൈക്രോഫിനാന്‍സ് തട്ടിപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏഴ് കേസുകളിലാണ് വെള്ളാപ്പള്ളി നടേശന് വിചാരണ നേരിടേണ്ടത്. ഇതിന്റെ അനുമതിയാണ് സര്‍ക്കാര്‍ നല്‍കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് ഇന്നറിയിക്കണമെന്നും അതില്‍ വീഴ്ച വന്നാല്‍ പിന്നോക്ക വികസന വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തില്‍ രണ്ട് നിലപാടാണ് ഇന്ന് സ്വീകരിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം എന്ന് വെളിവാകുന്നതാണ് നിലപാട്.
വെള്ളാപ്പള്ളി നടേശനെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് പിന്നാക്ക വകുപ്പും, പ്രൊസിക്യൂഷന് സര്‍ക്കാര്‍ അനുമതി വേണമെന്ന് വിജിലന്‍സും വിരുദ്ധ നിലപാട് ആണ് എടുത്തിരിക്കുന്നത്. ഇത് രണ്ടും അറിയിച്ചത് ഒരു അഭിഭാഷകനാണ് എന്നത് കോടിയുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. പിന്നാലെ താങ്കളുടെ നിയമപരമായ അഭിപ്രായം എന്താണെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ ഇതില്‍ കൃത്യമായ അഭിപ്രായം പറയാന്‍ സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ തയ്യാറാക്കാത്തതും കോടതിയെ ചൊടിപ്പിച്ചിരുന്നു.
സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന് കഴിവില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകനായി തുടരാന്‍ യോഗ്യതയില്ലന്നും കോടതി വിമർശിച്ചു. അഭിഭാഷകൻ എത്രയും വേഗം സ്ഥാനമൊഴിയണം എന്നും സ്ഥാനത്തേക്ക് സര്‍ക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയോഗിക്കണമെന്നും ഹൈക്കോടതി
നിർദ്ദേശിച്ചു.
