കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ച സംഭവത്തിൽ സ്‌കൂള്‍ ബസ്സിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍.തിങ്കളാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ബാഹിഷ് (14) എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓഗസ്തില്‍ തന്നെ ബസ്സിന്റെ പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായിരുന്നുവെന്നാണ് വിവരം.സ്‌കൂള്‍ ബസ്സുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് മുന്‍പേ പുതുക്കാന്‍ അപേക്ഷിക്കേണ്ടതാണെങ്കിലും രണ്ട് മാസത്തോളം പെര്‍മിറ്റ് ഇല്ലാതെ ബസ് സര്‍വീസ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. അപകടമുണ്ടായ ദിവസം രാത്രി 7.24നാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയതായി മോട്ടോര്‍വാഹനവകുപ്പിന്റെ പരിവാഹന ആപ്പില്‍ കാണുന്നത്. അതേസമയം സെര്‍വര്‍ പ്രശ്‌നമാണ് വൈകിയതിന് കാരണമെന്ന് വകുപ്പും വിശദീകരിക്കുന്നുണ്ട്.വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ മനഃപൂർവം അല്ലാത്ത നരഹത്യക്ക് കേസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *