ആലപ്പുഴ: രാഷ്ട്രീയവാക്‌പോരിനും നാടകീയതകള്‍ക്കും വേദിയായി ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്-നേരേകടവ് പാലം ഉദ്ഘാടനം. നിര്‍മാണം വൈകിയതും കിഫ്ബിയെ ചൊല്ലിയുള്ള പരാമര്‍ശങ്ങളും വേദിയില്‍ ഭരണ-പ്രതിപക്ഷം തമ്മിലുള്ള പരസ്യവാക്‌പോരിന് വഴിവച്ചു. മുന്‍ എംഎല്‍എ എ എം ആരിഫ് സംസാരിച്ചപ്പോള്‍ സദസില്‍ നിന്ന് കൂവല്‍ ഉയര്‍ന്നു.

മുഖ്യമന്ത്രി വി ഡി സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ പാലം യാഥാര്‍ഥ്യമായിട്ടും വിവാദങ്ങളുടെ കുത്തൊഴുക്കിന് അവസാനമില്ല. ഉദ്ഘാടനവേദി ഇന്ന് സാക്ഷ്യം വഹിച്ചത് ഭരണ-പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങള്‍ക്കും വാക്‌പോരിനും. നിര്‍മാണം വൈകിയത് 40 കോടിയുടെ അധികച്ചിലവ് ഉണ്ടാക്കിയെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പിന്നാലെ കിഫ്ബി പരാമര്‍ശിച്ചും, നിര്‍മാണം വൈകിയതും ചൂണ്ടിക്കാട്ടി മുന്‍സര്‍ക്കാരിന് പൊതുമാരാമത്ത് മന്ത്രി പി കെ ബഷീറിന്റെ കുത്തും വന്നു. ഈ പരാമര്‍ശങ്ങളില്‍ മുന്‍ എംപി എ എം ആരിഫ് അതൃപ്തി പരസ്യമാക്കി. ഉദ്ഘാടനം വൈകിയതില്‍ ആരിഫിന്റെ പ്രതികരണത്തില്‍ സദസില്‍ കൂവല്‍ ഉയര്‍ന്നു. ഇതോടെ മര്യാദ വേണമെന്ന് ആരിഫ് തുറന്നടിച്ചു.

പാലം പൂര്‍ത്തിയാക്കിയതില്‍ കെ സി വേണുഗോപാലിന്റെ പങ്ക് മന്ത്രി പി കെ ബഷീര്‍ പരാമര്‍ശിക്കാത്തതിലും സദസ്സില്‍ നിന്ന് പ്രതികരണമുണ്ടായി. വേദിയിലുണ്ടായിട്ടും സംസാരിക്കാന്‍ അവസരം കിട്ടാത്തതില്‍ എതിര്‍പ്പുമായി മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ സി കെ ആശ രംഗത്തെത്തി. തന്നെ ക്ഷണിക്കാത്തതില്‍ ജി സുധാകരനും അതൃപ്തിയിലാണ്. ഉദ്ഘാടനവേദി തര്‍ക്കത്തില്‍ മുങ്ങിയെങ്കിലും കാത്തിരിപ്പുകള്‍ക്കൊടുവിലെ സ്വപ്നയാഥാര്‍ഥ്യത്തിന് സാക്ഷികളാകാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *