കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപത്രം ചന്ദ്രിക.
സാമുദായി സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കരെ വിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും പ്രസ്ഥാനവും എത്തിച്ചേര്‍ന്ന വര്‍ഗീയ ബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാനാകുവെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തി.
‘കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും സംഘ്പരിവാര്‍ ശക്തികള്‍ ശ്രമിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതുസര്‍ക്കാറും മുഖ്യമന്ത്രിയും നടത്തിക്കൊണ്ടിരിക്കുന്നത്. ജാതിമത ഭേതമന്യേ ഒരാള്‍ക്ക് മുന്നിലും ഒരിക്കലും കൊട്ടിടയക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്ക് വേദനകളിലേക്കും തുറന്ന് വെച്ച കവാടമാണ് കൊടപ്പനക്കല്‍ തറവാട്. അസാധ്യമായെന്ന് കരുതിയ പലതും ആ തിരുമുറ്റത്ത് വെച്ച് സാധ്യമാകുന്നത് കണ്ട് സാമുദായവും സമൂഹവും പലതവണ അമ്പരന്ന് നിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവര്‍ പോലും മാനവികതയുടെ ഈ മഹാത്മ്യത്തെ പാടിപുകഴ്ത്താന്‍ ഒരു മടിയും കാണിക്കാറില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗംവിട്ട് സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാര്‍ത്യമാണ്. ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്ന ഒരാള്‍ ഒരു നിബന്ധനയുടെയും പുറത്തല്ലാതെ മതേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്തയും അസഹിഷ്ണുതയും തോന്നുന്നുണ്ടെങ്കില്‍ അത് സംഘ്പരിവാര്‍ ബാന്ധവത്തിന്റെ അനുരണമല്ലാതെ മറ്റെന്താണ്’ എന്ന് ചോദിക്കുകയാണ് ലീഗ് മുഖപത്രം.
സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെന്നും നേരത്തേയുള്ള തങ്ങള്‍ എല്ലാവരാലും ആദരിക്കപ്പെട്ടയാളായിരുന്നെന്നുമായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്.