സുൽത്താൻ ബത്തേരി: ഗോത്രവിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെത്തിച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ 20 വയസ്സുകാരൻ അറസ്റ്റിൽ. തമിഴ്‌നാട് ദേവർഷോല ചമ്പക്കൊല്ലി സ്വദേശിയായ കുമാർ എന്ന അച്ചുവിനെയാണ് (20) സുൽത്താൻ ബത്തേരി പോലീസ് പിടികൂടിയത്.

സംഭവം നടന്നത് നവംബർ മൂന്നിനാണ്. മുത്തശ്ശിയുടെ വീട്ടിലേക്ക് പോകുന്നതിനായി ബത്തേരി ബസ് സ്റ്റാൻഡിൽ നിന്ന പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബസിൽ കയറ്റി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നു.

നവംബർ ഏഴാം തീയതി കുമാർ വീട്ടിലില്ലാതിരുന്ന സമയത്ത് പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് ബത്തേരി ഡിവൈഎസ്പി കെ.ജെ ജോൺസന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *