കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ചേവായൂര്‍ കോമ്പസിറ്റ് റീജ്യണല്‍ സെന്റര്‍ (സി.ആര്‍.സി), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വീസ് സ്‌കീം, ക്യാമ്പസസ് ഓഫ് കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ബാരിയര്‍ ഫ്രീ മെഗാ ബില്‍ഡിങ് ഓഡിറ്റ് ഡിസംബര്‍ അവസാനവാരം നടക്കും. ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ജില്ല എന്ന ലക്ഷ്യത്തില്‍ നടപ്പാക്കിവരുന്ന ‘സഹമിത്ര’ പദ്ധതിയുടെ ഭാഗമായാണ് കെട്ടിട ഓഡിറ്റ് നടത്തുന്നത്. ജില്ലയിലെ എഴുപതിലധികം കോളേജുകളിലെ എന്‍.എസ്.എസ് യൂനിറ്റുകളില്‍ നിന്നുള്ള പതിനായിരത്തോളം വളണ്ടിയര്‍മാര്‍ ഇതില്‍ പങ്കാളികളാകും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ഏഴായിരത്തോളം പൊതു കെട്ടിടങ്ങളിലാകും ആദ്യഘട്ടത്തില്‍ ഭിന്നശേഷി സൗഹൃദ ഓഡിറ്റ് നടത്തുക.
മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നടന്ന ജില്ലാ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്‌സ് മീറ്റില്‍ ഓഡിറ്റിന്റെ പോസ്റ്റര്‍ പ്രകാശനവും എന്‍.എസ്.എസ് തല പ്രഖ്യാപനവും നടത്തി. കാലിക്കറ്റ് സര്‍വകലാശാല എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. വി വിജയകുമാര്‍, ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *