കൊച്ചി: കാക്കനാട് സ്വകാര്യ ബസ് തട്ടി വിദ്യാർത്ഥിനി അക്ഷര മരിച്ച സംഭവത്തിൽ രൂക്ഷമായ ഭാഷയിൽ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും വിമർശിച്ച് ഹൈക്കോടതി. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കോടതിമുറിയിൽ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, സഹിക്കാൻ പറ്റാത്ത ദൃശ്യങ്ങളാണ് കണ്ടതെന്നും റോഡിൽ പെൺകുട്ടിക്ക് കൂടുതൽ നീങ്ങി നടക്കാൻ പോലും സ്ഥലമുണ്ടായിരുന്നില്ലെന്നും കുറ്റപ്പെടുത്തി. ഫുട്പാത്ത് ഇല്ലാത്ത റോഡുകളിലൂടെ ഇറങ്ങി നടക്കുന്നവർ വീടുകളിൽ തിരികെ എത്തുമെന്ന് എന്ത് ഗ്യാരണ്ടിയാണുള്ളത്? കില്ലിങ് മെഷീനുകൾ പോലെയാണ് ചില വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് എന്ന് കോടതി രോക്ഷം പ്രകടിപ്പിച്ചു.
നാടിനെ നടുക്കിയ ഈ സംഭവത്തിൽ രാജ്യത്തെ ഭരണ-നിയമ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. “ആ പെൺകുട്ടിയുടെ കുടുംബത്തോട് നമുക്ക് എന്ത് പറയാൻ കഴിയും? എത്രതവണ മാപ്പ് പറയും? ഈ സിസ്റ്റത്തിന് വേണ്ടി കോടതി മാപ്പ് ചോദിക്കുന്നു. ആ കുടുംബത്തിന്റെ സങ്കടത്തിനൊപ്പം കോടതിയുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഡ്രൈവർമാർ റോഡിലെ കാലന്മാരായി മാറുകയാണ്. കോടതി ഉത്തരവുകൾ വരുമ്പോൾ തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആക്രമണം നടക്കാറുണ്ടെന്നും എന്നാൽ ശക്തമായ നിലപാടുമായി മുന്നോട്ട് പോകുമെന്നും ഹൈക്കോടതി വ്യക്തമാക്കി
ഡ്രൈവർമാർക്ക് അടിയന്തരമായി ഐ.ഡി കാർഡ് നിർബന്ധമാക്കണമെന്നും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പി.സി.സി (പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. ലൈസൻസ് സസ്പെൻഡ് ചെയ്താലും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇവർ വീണ്ടും വാഹനങ്ങളുമായി റോഡിലിറങ്ങുകയാണെന്നും എന്തുകൊണ്ടാണ് ഇത്തരം വിഷയങ്ങളിൽ വാഹന ഉടമകൾക്കെതിരെ കർശന നടപടിയെടുക്കാത്തതെന്നും കോടതി ചോദിച്ചു. ‘കൊച്ചി പഴയ കൊച്ചി അല്ല’ എന്ന മട്ടിലുള്ള ബസ് സമയക്രമത്തിന്റെ പേരിൽ പോലീസ് ആകുലപ്പെടേണ്ടതില്ലെന്നും ഡ്രൈവർമാർ മര്യാദയ്ക്ക് വാഹനം ഓടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണ് പോലീസിന്റെ ജോലിയെന്നും കോടതി ഓർമ്മിപ്പിച്ചു.
അതേസമയം, സംഭവത്തിൽ അടിയന്തര നടപടികൾ ആരംഭിച്ചതായി കൊച്ചി ഡി.സി.പി അരുൺ കെ. പവിത്രൻ കോടതിയെ അറിയിച്ചു. കൊച്ചിയിലെ മുഴുവൻ ബസ് ജീവനക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് ഡാറ്റാബേസ് ഉണ്ടാക്കുകയാണെന്നും കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ ഡ്രൈവർക്ക് മുൻപും ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നുവെന്നും ഡി.സി.പി വ്യക്തമാക്കി.
