ആന്ധ്രയിൽ സമഗ്ര ജാതി സെൻസസ് നടത്താൻ തീരുമാനം. നടപടികൾ ഇന്ന് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ജഗൻമോഹൻ സർക്കാർ. ഡോ. ബി ആർ അംബേദ്കറിന്‍റെ, രാജ്യത്തെ തന്നെ ഏറ്റവും ഉയരമുള്ള പ്രതിമ ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസമാണ് ആന്ധ്ര സർക്കാർ ജാതി സെൻസസ് നടപടികളും തുടങ്ങുന്നത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടക്കാനിരിക്കുന്ന ആന്ധ്രയിൽ ജഗൻമോഹന്‍റെ നിർണായക നീക്കമാണിത്.ഗ്രാമസെക്രട്ടേറിയറ്റ് സംവിധാനം പൂർണമായി ഉപയോഗിച്ചാകും സെൻസസ് വിവരശേഖരണം. ഇതിനായി സന്നദ്ധപ്രവർത്തകരെയും നിയമിക്കും. കഴിഞ്ഞ ഏപ്രിലിൽ ജാതി, ജനസംഖ്യാ സെൻസസുകൾ ഒരുമിച്ച് നടപ്പാക്കണമെന്ന് ആന്ധ്ര നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രസർക്കാരിന് ജഗൻമോഹൻ റെഡ്ഡി കത്തും നൽകിയിരുന്നു. എന്നാൽ കേന്ദ്രം ഉടനെയൊന്നും ജാതിസെൻസസ് നടപ്പാക്കില്ല എന്നുറപ്പായതോടെയാണ് സംസ്ഥാനം സ്വന്തം നിലയ്ക്ക് ജാതിസെൻസസ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ജഗൻമോഹൻ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *