ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയുടെ 25 പവൻ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി പി.പി. മുഹമ്മദ് നജീർ (29) ആണ് അറസ്റ്റിലായത്. 14 പവൻ സ്വർണം വടകരയിലെ ജൂവലറിയിൽനിന്ന് കണ്ടെത്തി. ഏഴരലക്ഷം രൂപ, സ്കൂട്ടർ, രണ്ട് മൊബൈൽ ഫോൺ എന്നിവ വീട്ടിൽനിന്ന് കിട്ടി. പ്രതി നേരത്തേ സമാനമായ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.കണ്ണൂർ താഴെചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസ്. യുവതി ഇതുവരെ പ്രതിയെ കണ്ടിട്ടില്ല. വ്യാജ മേൽവിലാസമുപയോഗിച്ചാണ് പ്രതി യുവതിയുമായി ചാറ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകിയ പ്രതി യുവതിയോട് വീട്ടുകാരോട് പറയാതെ സ്വർണവുമെടുത്ത് വരാൻ പറഞ്ഞു.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ പ്രതി പറഞ്ഞു. യുവതി സ്വർണാഭരണം പ്രതിയുടെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി.കോഴിക്കോട്ട്‌ എത്തിയ യുവതിക്ക് യുവാവിനെ കാണാനായില്ല. ഇൻസ്റ്റഗ്രാമിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബന്ധുക്കൾ എത്തിയാണ് യുവതിയെ നാട്ടിലെത്തിച്ചത്.സംഭവം സംബന്ധിച്ച് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ദൃശ്യങ്ങളിൽ യുവാവ് എത്തിയത് സ്കൂട്ടറിലാണെന്ന് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *