രുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയില്ല. എക്സൈസ് മന്ത്രി എം ബി രാജേഷ് പുതിയ മദ്യനയം കാബിനറ്റില്‍ അവതരിപ്പിച്ചെങ്കിലും ഏതാനും ഘടകകക്ഷി മന്ത്രിമാര്‍ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കള്ളുഷാപ്പുകളുടെ ക്ലാസിഫിക്കേഷന്‍, ദുരപരിധി തുടങ്ങിയവയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.

കഴിഞ്ഞവര്‍ഷം ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട്, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മദ്യനയമാണ് കാബിനറ്റില്‍ അവതരിപ്പിച്ചത് എന്നാണ് വിവരം. ടോഡി ബോര്‍ഡ് നിലവില്‍ വന്നിട്ടുണ്ട്. കള്ളുവ്യവസായത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കള്ളുഷാപ്പുകളെ ആധുനിക രീതിയില്‍ സ്റ്റാര്‍ പദവി നല്‍കി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിര്‍ദേശം പുതിയ നയത്തിലുണ്ട്.

രണ്ടു കള്ളുഷാപ്പുകളുടെ ദൂരപരിധിയില്‍ ഇളവു വേണമെന്ന ആവശ്യം നിലവിലുണ്ട്. പുതിയ ഷാപ്പുകള്‍ അനുവദിക്കുമ്പോള്‍ ദൂരപരിധി സംബന്ധിച്ച അവ്യക്തത നിലനില്‍ക്കുന്നുണ്ട്. കൂടാതെ ലേലത്തില്‍ പോകാത്ത ഷാപ്പുകള്‍ ആര് ഏറ്റെടുക്കണം എന്ന വിഷയത്തിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. മാസം ഒന്നാം തീയതിയിലെ ഡ്രൈഡേ പൂര്‍ണമായും മാറ്റുന്നതിലും കൂടുതല്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടു.

വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡ്രൈഡേയില്‍ മദ്യം വിളമ്പുന്നതിന് അംഗീകാരം നല്‍കുന്ന കാര്യത്തിലും വിശദമായ ചര്‍ച്ച വേണമെന്ന് മന്ത്രിമാര്‍ നിര്‍ദേശം വെച്ചു. ഇടതുമുന്നണിയിലും ഉദ്യോഗസ്ഥ തലത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി, ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് മദ്യനയം കാബിനറ്റില്‍ കൊണ്ടുവരാനുമാണ് മന്ത്രിസഭായോഗത്തില്‍ ധാരണയായത് എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *