വയനാട് ലോകസഭ മണ്ഡലം ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധിയെഴുതുമെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പി. സന്തോഷ് കുമാര്‍ എം. പി. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച സംഘടന സംവിധാനമുള്ള വയനാട് മണ്ഡലത്തില്‍ ഇത്തവണ എൽ ഡി എഫ് ആനി രാജ വിജയക്കൊടി നാട്ടും. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ വിജയം ഒരു പ്രത്യേക സാഹചര്യത്തിന് പുറത്ത് ഉണ്ടായതാണെന്നും എം പി.കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി ആദ്യമായി മത്സരിക്കാന്‍ വയനാട്ടിലെത്തിയത് ജനങ്ങളില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. കൂടാതെ ശബരിമല വിഷയവും എല്‍.ഡി.എഫിനെതിരെ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ കേവലം 40,000 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രമേ യു.ഡി.എഫിനുള്ളൂ.ഇത് ഏതെങ്കിലും ഒരു കക്ഷിക്കോ മുന്നണിക്കോ കുത്തകയല്ല വയനാടെന്ന് തെളിയിക്കുകയാണ്. രാഷ്ട്രീയ സാഹചര്യങ്ങളാണ് ജനവിധിയെ സ്വാധീനിക്കുന്നതെന്ന് സന്തോഷ് കുമാര്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തന രംഗത്ത് ആദ്യം ഇറങ്ങിയതിന്‍റെ ആനുകൂല്യം ആനിരാജക്ക് ലഭിച്ചു കഴിഞ്ഞു.നിലവില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ഇത്തവണ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് വയനാട്ടിൽ ഉള്ളതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ വോട്ടര്‍മാരില്‍ ആനി രാജക്ക് അനുകൂലമായ പ്രതികരണം ഉണ്ടായി കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഏത് പ്രസ്ഥാനമായാലും പഴയപോലെ കുടുംബം മുഴുവനും പ്രതിബദ്ധതയുളളവരായി കാണാന്‍ കഴിയില്ല. പുതുതലമുറ സാഹചര്യങ്ങള്‍ക്കനുസരിച്ചും സ്ഥാനാര്‍ത്ഥികളെ നോക്കിയും വോട്ട് ചെയ്യുന്നവരായി മാറിയിരിക്കുകയാണ്. അതെല്ലാം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.വന്യജീവിശല്യം മുഖ്യ വിഷയമായി മാറിയ വയനാട്ടില്‍ വലിയൊരു വിഭാഗം ജനങ്ങളും അതിന്‍റെ ഇരകളാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമായി അത് പ്രതിഫലിക്കും. എന്നാല്‍ ലോകസഭയില്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാന്‍ പോലും കോണ്‍ഗ്രസിന്‍റെയോ ബി.ജെ.പി.യുടേയോ എം.പിമാര്‍ക്ക് കഴിഞ്ഞിട്ടില്ല.രാഹുല്‍ ഗാന്ധി ഈ മണ്ഡലത്തില്‍ എം.പിയായി ഇരുന്നിട്ടും ഈ വിഷയത്തില്‍ എത്രതവണ സംസാരിച്ചു എങ്ങിനെ ഇടപെട്ടു എന്ന് പറയാന്‍ പറ്റുമോ ? ഞങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചവരാണ്. കേന്ദ്ര നിയമത്തില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. വന്യജീവി അക്രമത്തെ രാഷ്ട്രീയ മുതലെടുപ്പിനുളള വേദിയാക്കാന്‍ എല്‍.ഡി.എഫ് ഒരുക്കമല്ലെന്നും സന്തോഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *