കർഷകർക്കും നാടിനും ഭീഷണിയായി കടവല്ലൂർ പാടത്തും തോട്ടിലും വൻതോതിൽ കക്കൂസ് മാലിന്യം തള്ളുന്നത് തുടരുന്നു. ജില്ലാ കലക്ടർക്ക് വരെ പരാതി നൽകിയിട്ടും കക്കൂസ് മാലിന്യം തള്ളുന്നത് തുടരുകയാണ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നടപടിയൊന്നുമായിട്ടുല്ല. കഴിഞ്ഞദിവസം രാത്രിയും ഇവിടെ വൻ തോതിൽ ശുചിമുറി മാലിന്യം തള്ളി.ആഴ്‌ചയിൽ മൂന്നോ നാലോ തവണയാണു വലിയ ലോറികളിൽ എത്തിക്കുന്ന മാലിന്യം നെൽവയലുകളിലും തോടുകളിലും തള്ളുന്നത്. പഞ്ചായത്തിലും പൊലീസിലും പരാതി നൽകിയിട്ടും പരിഹാരമില്ലാതെ വന്നതോടെയാണു കർഷകർ കലക്‌ടർക്കു പരാതി നൽകിയത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നു കലക്ട‌ർ ഉറപ്പുനൽകിയിരുന്നതായി കർഷകർ പറഞ്ഞു. മൂന്ന് ആഴ്ച പിന്നിട്ടിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. ഇതിനിടെ ഒട്ടേറെത്തവണ പാടത്തു മാലിന്യം തള്ളുന്നത് തുടരുകയാണ്.സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനു കരാർ എടുത്ത ഏജൻസികളാണ് ഇതിന്റെ പിന്നിലെന്നു പറയുന്നു. വലിയ സ്വാധീനമുള്ള ഇവർക്കെതിരെ നടപടിക്ക് അധികൃതർ മടിക്കുകയാണെന്നും ആരോപണമുണ്ട്. രാസവസ്‌തു ചേർത്ത മാലിന്യം നെൽക്കൃഷിക്കു കടുത്ത ഭീഷണിയാണ്. വിളവിൽ ഇത്തവണയുണ്ടായ കുറവ് മാലിന്യം കലർന്ന വെള്ളം നെൽവയലിൽ എത്തിയതു കൊണ്ടാണെന്നും കർഷകർ പറയുന്നു. നെല്ലിന്റെ നിറത്തിലും മാറ്റം സംഭവിച്ചതായി കർഷകർ പറഞ്ഞു. കടവല്ലൂർ പാടത്തെ തോട്ടിൽ അവ ശേഷിക്കുന്ന വെള്ളം മാലിന്യം കലർന്നു കറുപ്പു നിറത്തിലായി. വേനൽമഴയിൽ മാലിന്യം നിറഞ്ഞ ഈ വെള്ളം തോട്ടിലൂടെ പല സ്ഥലത്തെക്കും ഒഴുകി പരക്കുന്നത് പാടങ്ങളുടെ സമീപത്തെ വീട്ടുപറമ്പുകളിലെ ശുദ്ധജലം മാലിന്യം നിറഞ്ഞതാക്കുമെന്ന ആശങ്കയുമുണ്ട് നാട്ടുകാർക്ക്.

Leave a Reply

Your email address will not be published. Required fields are marked *