ഒമ്പത് മാസത്തെ അനിശ്ചിത്വത്തിനൊടുവില്‍ ഭൂമിയിലെത്തിയ സുനിത വില്യംസിന്റെ മടങ്ങിവരവ് ആഘോഷമാക്കി ജന്മനാടായ ഗുജറാത്ത.പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമൊക്കെയാണ് നാട്ടുകാർ ആഘോഷമാക്കിയത്. ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർത്ഥനകളുണ്ടായിരുന്നു.ഡ്രാഗൺ പേടകത്തിൽ നിന്ന് നാല് യാത്രികരും പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. അലക്സാണ്ടർ ഗോർബനോവ് രണ്ടാമതും സുനിത മൂന്നാമതുമായാണ് ഇറങ്ങിയത്.ചിരിച്ചുകൊണ്ട് കൈവീശിക്കാണിച്ചാണ് സുനിത വില്യംസ് പേടകത്തിൽ നിന്നിറങ്ങിയത്. ബുച്ച് വിൽമോർ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. ഇവരുടെ ചിത്രങ്ങൾ നാസ പുറത്തുവിട്ടിട്ടുണ്ട്. തുടർന്ന് സ്‌ട്രെക്‌ചറിൽ നാല് പേരെയും വൈദ്യപരിശോധനയ്ക്കായി മാറ്റി. അതേസമയം ബഹിരാകാശത്തുതങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകള്‍ക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്‌, അണുബാധ (ബഹിരാകാശജീവിതം യാത്രികരുടെ പ്രതിരോധശേഷി കുറയ്ക്കും), മാനസികസമ്മര്‍ദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്‌നം, ബേബിഫീറ്റ് (പാദത്തിന്റെ അടിവശത്തെ ചര്‍മം നേര്‍ത്തുപോകുന്നത്) തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടാകും.നീല്‍ ആംസ്ട്രോങ്ങും ടീമും ചന്ദ്രനില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ വീല്‍ച്ചെയറിലായിരുന്നു തിരിച്ചു ഭൂമിയിലേക്കിറക്കിയത്. സ്പെയ്സ് സ്റ്റേഷനില്‍നിന്ന് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെയും വീല്‍ച്ചെയര്‍ ഉപയോഗിച്ചുതന്നെയാണ് തിരിച്ച് താഴെ ഇറക്കുന്നത്. സീറോ ഗ്രാവിറ്റിയില്‍ നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോള്‍ ശരീരത്തിന്റെ ഭാരം വഴങ്ങാന്‍ പറ്റാതെ ബാലന്‍സ് തെറ്റി വീഴുന്നത് കൊണ്ടാണിത്.സീറോ ഗ്രാവിറ്റി, മൈക്രോ ഗ്രാവിറ്റി എന്നീ പ്രതിഭാസങ്ങള്‍ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, റേഡിയേഷന്‍ റിസ്‌ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ മാറ്റിമറിക്കും. തങ്ങള്‍ക്ക് ഒരു പെന്‍സില്‍ ഉയര്‍ത്താന്‍ പോലും പ്രയാസമായിരിക്കുമെന്ന് ബുച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *